Thursday, January 3, 2019

2018 ലെ വെള്ളപ്പൊക്കം - വിറയാർന്ന ഓർമ്മകൾ

അന്ന്, രാവിലെ 7 മണി. പള്ളിപ്പുറത്ത് നിന്നും ആനാപ്പുഴയിലേക്ക് യാത്ര ആരംഭിച്ചു. അസാധാരണമായ ആ യാത്ര. റോഡിലൂടെ ഭ്രാന്തമായി ഒഴുകുന്ന അരക്കൊപ്പം വെള്ളത്തിൽ മണിക്കൂറുകൾ എടുത്ത്, എതിരെ വരുന്ന ശക്തമായ ഒഴുക്കിനെ മറികടന്ന് മൂത്തകുന്നത്തെത്തി. മാല്യങ്കരയിൽ നിന്നും മൂത്തകുന്നം വരെയുള്ള ആ നടപ്പ് എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല. ചിലയിടങ്ങളിൽ മുട്ടിന് മുകളിലും ചിലയിടങ്ങളിൽ നെഞ്ചിന് ഒപ്പവും... ചില സ്ഥലങ്ങളിൽ എത്തുമ്പോൾ നിറയെ ആളുകളെ കയറ്റി വലിയ ഓളമുയർത്തി ഹോൺ മുഴക്കി ഹെഡ് ലൈറ്റിട്ട് പാഞ്ഞു വരുന്ന വലിയ ലോറികൾ. അതിൽ നിറയെ പറ്റാവുന്നിടത്തെല്ലാം അള്ളിപ്പിടിച്ചിരിക്കുന്ന കുറെ മനുഷ്യർ... മാല്യങ്കരയിലേക്കും അവിടെ നിന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർ. ലോറി സ്പീഡ് കുറക്കുകയോ നിർത്തുകയോ ചെയ്താൽ നിന്നു പോകുമെന്നതിനാൽ റോഡിലൂടെ വലിയ തിരകളുണ്ടാക്കി പാഞ്ഞു പോകുന്നു. അതിനൊക്കെ ഇടയിലൂടെ നടന്നു പോകുന്ന നിസഹായർ. കൂടെ ഞാനും എന്റെ ചേട്ടനും... വശങ്ങളിൽ കാണകളായതിനാൽ നടുവിലൂടെ നടന്നുപോകുമ്പോൾ പാഞ്ഞു വരുന്ന ലോറിക്ക് മുന്നിൽ പെട്ട് ചതഞ്ഞ് പോവാതിരിക്കാൻ ഒഴുക്കുള്ള വെള്ളത്തിൽ വച്ച് കാണയോ കുഴിയോ എന്നറിയാതെ ചാടി മാറി വശങ്ങളിലുള്ള മതിൽ കെട്ടിൽ പിടിച്ച് നിൽക്കുമ്പോൾ ലോറിയുടെ ഓളത്തിന്റെ ശക്തിയിൽ മതിൽ ക്കെട്ടുകൾ തകർന്ന് വീഴുന്നു.. തിരമാല കണക്കെ വെള്ളം ഞങ്ങളുടെ തലക്ക് മുകളിലൂടെ കയറിയിറങ്ങി. ആ തള്ളലിൽ ചെന്ന് നിന്നത് പഴയ പഞ്ചായത്ത് കിണറിന്റെ അരികിൽ. ഉയർന്ന് നിന്ന കോൺക്രീറ്റ് ഭിത്തിയിൽ പഞ്ചായത്ത് കിണർ എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് നീങ്ങി മാറിയതിനാൽ അതിൽ വീണ് മുങ്ങിച്ചത്തില്ല. ഇങ്ങനെ മണിക്കൂറോളം നീന്തിയും മുങ്ങിപ്പൊങ്ങിയും 10.30 ന് മൂത്തകുന്നത്ത് എത്തി.
ദുരന്തമുഖത്തെ നിസഹായത പേറി നിൽക്കുന്ന ജനക്കൂട്ടത്തിലേക്കാണ് നീന്തിക്കയറിയത്. അവിടെ നിന്നും വീണ്ടും നടന്നു. ആ നടത്തത്തിൽ ഞാൻ കണ്ടു... വാഹനങ്ങളിൽ, വാഹനം എന്നു പറഞ്ഞാൽ ടിപ്പർ ലോറിയിലും വലിയ ട്രക്കുകളിലും എന്തിന് ടാങ്കർ ലോറികളുടെ പിന്നിൽ വരെ അള്ളിപ്പിടിച്ച് കിടന്ന്, വീടും മരങ്ങളും ചത്ത് മലച്ച മൃഗങ്ങളും കുത്തിയൊലിച്ച് പായുന്ന പെരിയാറിന് കുറുകെയുള്ള കോട്ടപ്പുറം പാലത്തിലൂടെ വടക്കോട്ടും തെക്കോട്ടും പരക്കം പായുന്ന ആയിരങ്ങൾ...
ഇന്നുവരെയുള്ള ജീവിതത്തിൽ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും... അക്ഷരാർത്ഥത്തിൽ നടുങ്ങി വിറച്ച് നിന്നു പോയി ഞാൻ. ഇന്ന് തിരികെ പള്ളിപ്പുറത്തേക്ക് പോവാൻ സാധിക്കില്ല എന്ന് മനസ് പറയുന്നുണ്ടെങ്കിലും ആനാപ്പുഴയിലെ വീട്ടിലേക്ക് പോകുവാൻ തന്നെ തിരുമാനിച്ചു. ടോൾ വഴി നടന്ന് കീത്തോളിയിൽ എത്തിയപ്പോഴേക്കും കാലുകൾ കുഴഞ്ഞു, അവിടെ കണ്ട ഒരു പെട്ടി ഓട്ടോയിൽ കയറി ആനപ്പുഴയിലേക്ക് പോയി. കസ്തുരി വളവ് കഴിഞ്ഞതും ഇടത് വശം മുഴുവനും വെള്ളത്തിനടിയിൽ കാണുന്നു. ഞാനോർത്തു ഇവിടെയൊന്നും വെള്ളം കേറില്ല എന്ന് വിചാരിച്ചിട്ട്... ആ വണ്ടിയിൽ ആനാപ്പുഴ ജഗ്ഷൻ വരെ എത്തി. ഏതാണ്ട് അവിടെ വരെ വെള്ളം വന്നിരിക്കുന്നു. അതൊക്കെ നീന്തി ഐസ് കമ്പിനിയിലേക്കുള്ള ഇറക്കു വരെ എത്തി. അവിടെ കുറെ വഞ്ചികളുണ്ടായിരുന്നു. അതിലേതെങ്കിലുമൊന്ന് തുഴഞ്ഞു കൊണ്ട് പൊക്കോളാൻ പറഞ്ഞെങ്കിലും പുഴയിലെ ഒഴുക്ക് കണ്ടപ്പോൾ വേണ്ടന്ന് വച്ചു. പിന്നെ കണ്ട ഒരു വഞ്ചിയിൽ കയറി വീട്ടിലേക്കുള്ള യാത്ര തുടർന്നു.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന തറവാട് വീട് കണ്ടപ്പോൾ തന്നെ എന്റെ വീടിന്റെ ചിത്രം മനസ്സിൽ വന്നു. നടന്ന് പോകാറുള്ള വഴികളിലൂടെ ആൾ പൊക്കത്തിന് മുകളിലൂടെ ഒരു വഞ്ചി യാത്ര! ശ്മശാന ഭൂമിയിലൂടെ പോകുന്ന പോലെ... ഒരു ജീവിയെ പോലും കാണാതെ, നിശബ്ദത മാത്രം തിങ്ങി നിൽക്കുന്ന അന്തരീക്ഷത്തിലൂടെ ടൈറ്റാനിക്ക് സിനിമയുടെ അവസാന സീനുകളെ ഓർമ്മിപ്പിച്ച് ഒരു ഭീകര യാത്ര !! തുഴഞ്ഞ് തുഴഞ്ഞ് എന്റെ വീടിന് മുന്നിൽ ചെന്നപ്പോൾ ലോക്ക് ചെയ്ത ഗെയിറ്റ് തുറക്കാൻ വഞ്ചിയിൽ നിന്നും ഇറങ്ങാൻ നോക്കി. നില കിട്ടുന്നില്ല. ഗെയിറ്റിൽ പിടിച്ച് താഴേക്ക് ഊളിയിട്ട് ഗെയിറ്റിന്റെ ലോക്ക് വിടുവിച്ചു. തിരികെ വഞ്ചിയിൽ കയറാൻ നേരം ഞാൻ അവിടത്തെ 'ആഴം' ഒന്നളന്ന് നോക്കി. എന്റെ തലക്ക് മീതെ ഏതാണ്ട് 2-3 അടി ഉയരത്തിൽ വെള്ളം !! 'കാണാത്ത' മതിൽ കെട്ടിലേക്ക് കടന്ന് പുതിയ വീടിന്റെ വശത്തിലേക്ക് വഞ്ചി കൊണ്ടുപോയി ഇറങ്ങി. ചെവി വട്ടം പിടിച്ചു നോക്കി. ഇല്ല ! ഒന്നും കേൾക്കുന്നില്ല. നെഞ്ചിടിപ്പ് കൂടി വന്നു.
വീടിന്റെ ടെറസിൽ കെട്ടിയിട്ട് പോന്നിരിക്കുന്ന എന്റെ നായ ഗാർളിക്കിന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ല. ജീവൻ പണയം വച്ചും വീട്ടിലേക്ക് വന്നത് ഗാർലിക്കിന് ഭക്ഷണം നൽകാൻ വേണ്ടി ആയിരുന്നു. ഉറക്കെ അവനെ ഒന്ന് വിളിച്ച നിമിഷം അവൻ വിളി കേട്ടു . ഓടി മുകളിലേക്ക് ചെന്നപ്പോൾ അവന്റെ സന്തോഷം ഒന്ന് കണേണ്ടത് തന്നെ ആയിരുന്നു. ഇനി 2 ദിവസത്തേക്ക് ഉള്ള ഭക്ഷണവും വെള്ളവും കൂടി എടുത്ത് വച്ച് തിരികെ പോന്നു. അപ്പോഴേക്കും 2 മണി ആയി. തിരികെ കീത്തോളിയിൽ എത്തിയപ്പോൾ എങ്ങും ഭക്ഷണമില്ല. അടുത്തുള്ള നിമ്മിയുടെ ക്യാമ്പ് സന്ദർശിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയി. പിന്നെ മെഡിക്കെയർ ഹോസ്പിറ്റൽ കാന്റീനിൽ കയറി ഭക്ഷണം കഴിച്ചു. വീണ്ടും മൂത്തകുന്നത്തേക്ക്...
അതിനിടയിൽ മനസിലായി ഞങ്ങൾ സുരക്ഷിതരാണെന്ന് മെസേജ് ചെയ്ത ചേച്ചിയും കുടുംബവും സുരക്ഷിതരായിരുന്നത് സ്വന്തം വീട്ടിന്റെ ഒന്നാം നിലയിൽ തന്നെയാണെന്ന്. പിന്നെ എങ്ങിനെയെങ്കിലും അവരെ രക്ഷിച്ചെടുക്കണം എന്ന ചിന്ത മാത്രം മാത്രമായി. അത് മാത്രമോർത്ത് മൂത്തകുന്നത്തെത്തിയപ്പോൾ അവിടത്തെ കാഴ്ച്ച എത്തിനെ വിവരിക്കണം എന്നറിയില്ല. പല തരത്തിൽ അങ്കലാപ്പിലായ വലിയൊരു കൂട്ടം മനുഷ്യർ. കണ്ണൂര് നിന്നും കോഴിക്കോട് നിന്നും ലോറിയിലും മറ്റുമായി മൂത്തകുന്നത്ത് എത്തി അവിടെ നിന്നും തെക്കൻ ജില്ലകളിലേക്ക് പോകാൻ ആകെയുള്ള വഴിയായ മാല്യങ്കരയിലെക്ക് എത്തിച്ചേരാൻ ലോറി കാത്ത് നിൽക്കുന്നവർ ഒരു വശത്ത്, തെക്കൻ ജില്ലകളിൽ നിന്നും വടക്കോട്ട് പോകാനുള്ളവർ മാല്യങ്കര റോഡിലെ കുത്തൊഴുക്ക് മറികടന്ന് കയറി വരുന്നതിന്റെ ആഹ്ളാദം അലറി വിളിച്ച് അറിയിക്കുന്നവർ, വെള്ളത്തിൽ നിന്നു പോയ വലിയ ലോറി തള്ളിയും ഉന്തിയും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നവർ, കുത്തൊഴുക്കിനെ മറികടന്ന് റോഡിലൂടെ നടന്ന് വരുന്നവർ, ഒറ്റപ്പെട്ട വീടുകളുടെ മുകളിൽ നിന്നും ആളുകളെ രക്ഷിച്ച് കരക്കടിപ്പിക്കുന്ന മത്സാത്തൊഴിലാളികളുടെ വലിയ ബോട്ടുകൾ, അതിൽ നിന്നും ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് തിരികെ കയറ്റപ്പെടുന്നവർ, അതിനിടയ്ക്ക് ചീറിപ്പായുന്ന ആമ്പുലൻസുകൾ, ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമായി പായുന്ന മറ്റനേകം വാഹനങ്ങളും. വഴികാട്ടികളായും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുവാനുമായി നിസ്വാർത്ഥ സേവനം ചെയ്യുന്ന വലിയൊരു കൂട്ടം മനുഷ്യരും. ആകെ വിറങ്ങലിച്ച് പോകുന്ന മനുഷ്യ ജീവിതം ഇന്നേവരേ അഭിമുഖീകരിക്കാത്ത ദുരന്തകാഴ്ചകൾ!
അവിടെ എത്തിയ ഒരു ബോട്ടിൽ കയറി ചേച്ചീനേം കുടുംബത്തിനേം അന്വേക്ഷിച്ച് യാത്ര ആയി. എങ്ങിനെയൊക്കെയോ അവിടെ എത്തിയപ്പോൾ പല വീടുകൾക്ക് മുകളിലും വിശന്ന് തളർന്ന് ഒറ്റപ്പെട്ട് പോയ മനുഷ്യർ. ചേച്ചിയൊക്കെ സുരക്ഷിതരാണെന്ന് മെസേജയയച്ച വീട്ടിലെത്തി. താഴത്തെ നിലയിൽ ഒരടി വെള്ളമായിട്ടുള്ളു എന്ന് ഞങ്ങളെ സമാധാനിപ്പിക്കാൻ സന്ദേശമയച്ചതാണെന്ന് മനസിലായി. മുകളിൽ നിന്നും താഴേക്ക് വന്നവർക്ക് കഴുത്തൊപ്പം വെള്ളം, പുറക് വശത്തെ തോട്ടിൽ നിന്നും വീടിനകത്ത് കൂടി അതിശക്തമായ കുത്തൊഴുക്ക്. വളരെ പ്രയാസപ്പെട്ട് ഇവരെ ബോട്ടിൽ കയറ്റി. അവിടെ ഉണ്ടായിരുന്ന പലരെയും കയറ്റി പോന്നു. വഴിയിലൊക്കെ വൻ മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും മറിഞ്ഞ് വീണിരിക്കുന്നു. ഇവർ ആ വീട്ടിലിരുന്നപ്പോൾ രക്ഷിക്കാൻ വന്ന ബോട്ടുകളിൽ മുൻവശത്തെ വീടുകളിൽ നിന്നും ആളുകളെ കൊണ്ട് പോയിട്ടും ഇവരെ കൊണ്ടുപോകാൻ ആരും വരാതായപ്പോൾ വെള്ളം ഉയർന്ന് കൊണ്ടിരുന്ന തലേ രാത്രിയിൽ വേദനയില്ലാതെ മരിക്കണേ എന്ന പ്രാർത്ഥനയിലായിരുന്നത്രെ അവർ. 😩 മൂത്തകുന്നത്തെത്താറായപ്പോൾ ഗോതുരുത്ത് പുഴ മുറിച്ച് കടന്നപ്പോൾ കടലിലെയെന്ന പോലെ ഓളവും അടിയൊഴുക്കും. ബോട്ട് തിരമാലകൾക്ക് മുകളിലൂടെ എന്നോണം ആടിയുലഞ്ഞ് മുന്നോട്ട് പോയി. വീണ്ടും മരണത്തെ മുഖാമുഖം കണ്ട സമയം. ഒരു വിധം പുഴ കടന്നപ്പോൾ ഞാൻ ചിന്തിച്ചു, എത്രയോ ആയിരങ്ങൾ ഈ ഓളങ്ങളെ മറികടന്ന് ഇവിടെ എത്തിയിട്ടുണ്ട്. മൂത്തകുന്നത്ത് വീണ്ടുമെത്തിയപ്പോൾ മാല്യങ്കര റോഡിൽ വെള്ളം കൂടിയതിനാൽ ലോറികൾ ഓഫ് ആയിപ്പോകുന്നതിനാൽ ലോറികൾ ഓട്ടം നിറുത്തി. പള്ളിപ്പുറത്തെത്താൻ ആകെയുള്ള വഴി ഈ വെള്ളത്തിലൂടെ നീന്തുക മാത്രം. കൂടെ 85 വയസുള്ള അമ്മച്ചിയും. കൊടുങ്ങല്ലൂരിലെ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവേണ്ടി വരുമോ എന്നായി ചിന്ത. അതിനിടയിൽ ഒരു വള്ളമെത്തി. മാല്യങ്കര SNM കോളേജിലെ ക്യാമ്പിൽ മരിച്ച ആളുടെ മൃതശരീരം കൊണ്ടുവരാൻ പോകുന്ന വള്ളമായിരുന്നു അത്. ആ വള്ളത്തിൽ സ്ത്രീകളെയും കുട്ടികളെയും മാത്രമായി കയറ്റി ബാക്കിയുള്ളവരെല്ലാവരും കൂടി വള്ളത്തിനെ തള്ളി കൊണ്ട് യാത്ര ആരംഭിച്ചു. വഞ്ചിയിൽ പിടിച്ച് നടക്കുകയായിരുന്നു എന്ന് പറയാനേ പറ്റില്ല...എല്ലാവരുടെയും തള്ളൽ കാരണം പാഞ്ഞ് പോകുന്ന വള്ളത്തിനോടൊപ്പം അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. അരയ്ക്കും മുട്ടിനൊപ്പവുമുള്ള വെള്ളത്തിലൂടെ ഇത്ര വേഗം നീങ്ങാൻ കാരണമായത് വഞ്ചിയിലിരിക്കുന്ന നമ്മുടെ ഉറ്റവരാണ്. തളർന്ന് നിന്ന് പോയാൽ നാം വള്ളത്തിൽ നിന്ന് വിട്ട് പോകും. ഇടയിൽ വരുന്ന ചെറു പാലങ്ങൾ എത്തുമ്പോൾ എല്ലാവരും ഇറങ്ങി വള്ളം പൊക്കി മറുകരയിലെത്തി വീണ്ടും വള്ളത്തിലും വെള്ളത്തിലുമായി ഓട്ടം. വള്ളത്തിലെ യാത്ര കേളേജിൽ അവസാനിച്ചു. വേറെ വഴിയില്ലാത്തതിനാൽ അമ്മച്ചിയടക്കം വെള്ളത്തിലൂടെ യാത്ര തുടങ്ങി. പ്രായമായ അമ്മച്ചിയെ കണ്ടതും ചെറുവഞ്ചിയിൽ ഒരു കരയിലേക്ക് പോയിരുന്നവർ വെള്ളത്തിലൂടെ നടക്കാൻ തീരുമാനിച്ചു. ആ വഞ്ചിയിൽ അമ്മച്ചിയെ മാത്രമിരുത്തി വീണ്ടും വെള്ളത്തിലൂടെ നടപ്പാരംഭിച്ചു. അതിനിടയിൽ ഒരു മീൻ വണ്ടി കിട്ടി അതിൽ കയറി. റോഡരികിലെ ഏതോ പുരപ്പുറത്ത് നിന്ന് ശ്വാസം മുട്ടി മരണവെപ്രാളം കാട്ടുന്ന ഒരാളെ കൂടി കസേരയിൽ മീൻ വണ്ടിയുടെ പുറകിൽ ഇരുത്തി അയാളുടെ മരണവെപ്രാളവുമായപ്പൊ മീൻ വണ്ടി ഒരാമ്പുലൻസ് പോലെ ലൈറ്റിട്ട് ഹോൺ മുഴക്കി ചീറി പാഞ്ഞു. നിമിഷ നേരം കൊണ്ട് മാല്യങ്കരയിലെത്തി. അവിടെ തയ്യാറാക്കി നിർത്തിയിരുന്ന ആമ്പുലൻസിലേക്ക് അവരെ കയറ്റി. ഞങ്ങൾ അവിടെ ഇറങ്ങി പള്ളിപ്പുറത്തേക്ക് നടന്നു. വൈകുന്നേരം 6.30 തിരികെ സിപ്പി അങ്കിളിന്റെ വീട്ടിലെത്തിയപ്പോൾ വരാന്തയിലേക്ക് കയറാൻ വെമ്പി നിൽക്കുന്ന വെള്ളത്തിനടുത്ത് ഞങ്ങളെ കാത്ത് നിൽക്കുന്ന ബന്ധുക്കൾ! തിരികെ വരുമെന്ന പ്രതീക്ഷയിൽ മാത്രം വിറങ്ങലിച്ച് നിൽക്കുന്നവർ !!